ന്യൂയോർക്ക്: ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ ഭാഗമായി വെനസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോദ്രിഗസ്. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പ്രസംഗിക്കവേയായിരുന്നു ഈ വാഗ്ദാനം.
പ്രതിപക്ഷ കക്ഷികളുമായി സർക്കാർ ചർച്ച ആരംഭിച്ചു. എല്ലാ രാഷ്‌ട്രീയ കക്ഷികളും തെരഞ്ഞെടുപ്പിൽ പങ്കളാകളായിരിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തും. വെനസ്വേലയുടെ രണ്ടാം ജന്മത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന് പറയാൻ ഡെൽസി തയാറായില്ല.
പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുപോയതിനു പിന്നാലെ പ്രസിഡന്‍റ് ട്രംപിന്‍റെ പിന്തുണയോടെയാണ് ഡെൽസി വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായത്.
വെനസ്വേലയുടെ എണ്ണ സന്പത്തിലാണ് ട്രംപിനു താത്പര്യം. വെനസ്വേലയിൽ ജനാധിപത്യം വേണമെന്നു വാദിക്കുന്ന പ്രതിപക്ഷ പാർട്ടികളെ പരിഗണിക്കാൻ ട്രംപ് ഭരണകൂടം തയാറല്ല.
വെനസ്വേലൻ എണ്ണമേഖല അമേരിക്കൻ കന്പനികൾക്കു തുറന്നുകൊടുക്കാൻ ഡെൽസി തയാറായിരുന്നു. ഡെൽസി കഴിഞ്ഞദിവസം ന്യൂയോർക്കിൽവച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയെ രാജ്യത്തെ പ്രവേശിപ്പിക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്.